Back to the previous page
എനിക്ക് യഥാര്‍ത്ഥത്തില്‍ എങ്ങനെ രക്ഷ പ്രാപിക്കുവാന്‍ കഴിയും?

എനിക്ക് യഥാര്‍ത്ഥത്തില്‍ എങ്ങനെ രക്ഷ പ്രാപിക്കുവാന്‍ കഴിയും?

Call of Hope


എണ്ണമറ്റ പാപങ്ങള്‍ ചെയ്ത ശേഷം നമുക്കു എങ്ങനെ രക്ഷപ്പെടുവാന്‍ കഴിയും? ദൈവത്തിന്റെ മുന്‍പില്‍ കുറ്റമറ്റവരായിരിപ്പാന്‍ നമുക്കു എന്തു ചെയ്യുവാന്‍ കഴിയും? നമ്മെ അടിമപ്പെടുത്തുന്ന പാപങ്ങളില്‍ നിന്നു നമുക്ക് എങ്ങനെ രക്ഷപ്പെടാം? ഈ ചോദ്യങ്ങള്‍ക്കു ഒരോരുത്തരും ഉത്തരം കണ്ടുപിടിക്കേണ്ടത് ആവശ്യമാണ്. എന്തുകൊണ്ടെന്നാല്‍ നാം എല്ലാവരും പാപം ചെയ്തു നമ്മുടെ സ്രഷ്ടാവായ ദൈവത്തില്‍നിന്നു അകന്നു ജീവിക്കുന്നു.

ക്രിസ്തീയ സന്ദേശത്തിന്നാധാരമായ വേദപുസ്തകപഠനം മൂലം മനസ്സിലാകുന്നത് 'രക്ഷ' എന്നു പറഞ്ഞാല്‍ പാപത്തിന്റെ ശിക്ഷയില്‍നിന്നുമുള്ള വിടുതല്‍ അഥവാ മോചനം ആണെന്നാണ്. മനുഷ്യപുത്രനായി അവന്‍ അവതരിച്ചതു കാണാതെ പോയതിനെ തിരഞ്ഞു രക്ഷിക്കുവാനാണ്. നമ്മെ പാപത്തിന്റെ അധീനതയില്‍ നിന്നും അതിന്റെ ശക്തിയില്‍ നിന്നും സ്വതന്ത്രരാക്കുന്നതിനുവേണ്ടി അവന്‍ തന്റെ ജീവന്‍ നല്‍കി. പാപികളായ മനുഷ്യരുടെ മുന്‍പില്‍ ക്രൂശിലെ മരണത്തോളം താണതിനാല്‍ നമ്മുടെ നിത്യരക്ഷക്ക് ആവശ്യമുള്ളതെല്ലാം അവന്‍ ചെയ്തു തീര്‍ത്തു. അതിരറ്റ കാരുണ്യത്താലും അത്യന്ത സ്നേഹത്താലും ആണു അവന്‍ ഇത് നമുക്കായി ചെയ്തത്.

"പാപത്തിന്റെ ശമ്പളം മരണമാണെന്നും; ദൈവത്തിന്റെ കൃപാവരം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിത്യജീവന്‍ ആണെന്നും സുവിശേഷം അസന്ദിഗ്ദ്ധമായി പറയുന്നു (റോമ. 6:23). നമ്മുടെ തെറ്റു കുറ്റങ്ങള്‍ എത്രമാത്രം ആയിരുന്നാലും, എത്ര കഠിനമായിരുന്നാലും നമ്മോടു ക്ഷമിക്കുവാന്‍ ദൈവം തയ്യാറാണ്. "പാപം പെരുകിയെടത്ത് കൃപ അത്യന്തം വര്‍ദ്ധിച്ചു" (റോമര്‍ 5:20) എന്നു ദൈവവചനത്തില്‍ കാണുന്നു.

ദൈവസൃഷ്ടികളില്‍ ഏറ്റവും മകുടമായത് മനുഷ്യ സൃഷ്ടിയാണ്. എങ്കിലും നമ്മുടെ അത്യാഗ്രഹം, തൃഷ്ണ എന്നിവയെ തൃപ്തിപ്പെടുത്താനും, നമ്മുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കുവേണ്ടി ശ്രമിച്ചതിനാല്‍ നാം ദൈവത്തില്‍ നിന്നും വളരെ അകന്നു അധഃപതിച്ചു പോയി. എന്നാല്‍ കാരുണ്യവാനായ ദൈവം നമ്മെ പൂര്‍ണ്ണമായി രക്ഷിക്കുന്നതിന് ഒരു വഴിയൊരുക്കി. പാപത്തില്‍ നിന്നും അതിന്റെ ശക്തിയില്‍ നിന്നും നമ്മെ വിടുവിച്ചു ശുദ്ധീകരിക്കുവാന്‍ അവടുന്നു സന്നദ്ധനായിരിക്കുന്നു.

ഈ രക്ഷാവഴിയെപ്പറ്റി നമുക്കു ചിന്തിക്കാം. പരിശുദ്ധനും, സ്നേഹവാനും, കാരുണ്യവാനും, നീതിമാനുമായ ദൈവത്തിനു മാത്രമേ ഈ അതിശയകരമായ രക്ഷണ്യ പ്രവൃത്തി കാലസമ്പൂര്‍ണതയില്‍ ക്രൂശുമൂലം തികക്കു‍വാന്‍ സാധിച്ചുള്ളൂ. ഇവിടെ അതിക്രമങ്ങളാലും, പാപങ്ങളാലും മലിനപ്പെട്ട മനുഷ്യന്‍ ഒരു ഭാഗത്തും, പരിശുദ്ധനും നിത്യനും പരിമിതി ഇല്ലാത്തവനുമായ ദൈവം മറുവശത്തും നിലകൊള്ളുന്നു, നമ്മുടെ വീണ്ടെടുപ്പുക്കാരനും ക്രൂശുമൂലം നമ്മെ ദൈവവുമായി നിരപ്പിച്ചവനുമായ യേശുക്രിസ്തു എന്ന രക്ഷകനെ നടുവിലുമായി കാണാന്‍ സാധിക്കുന്നു. മനുഷ്യനോടുള്ള ദൈവത്തിന്റെ സ്നേഹത്തേയും പാപക്ഷമയേയും പ്രദര്‍ശിപ്പിക്കുവാനായി അവന്‍ ക്രൂശിക്കപ്പെട്ടു.

ക്രിസ്തു നമുക്കു വേണ്ടി മറുവിലയായി തന്നെത്താന്‍ ഏല്‍പിച്ച് കൊടുത്തു എന്നതാണ് നമ്മുടെ രക്ഷയ്ക്കാധാരം. ആദിയില്‍ ദൈവത്തോടു കൂടി ആയിരുന്ന നിത്യമായ വചനം ജഡമായി മനുഷ്യരൂപം ധരിച്ചു പാപസാദൃശ്യത്തിലായി മനുഷ്യന്റെ പാപങ്ങള്‍ക്കു പ്രായശ്ചിത്തമായി ക്രൂശില്‍ തന്നെത്താന്‍ യാഗമായി അര്‍പ്പിച്ചു. "മക്കള്‍ ജഡരക്തങ്ങളോടു കൂടിയവരാകകൊണ്ട് അവിടുന്നു അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്താല്‍ നീക്കി ജീവപര്യന്തം മരണഭീതിയില്‍ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു" എന്ന് എബ്രായര്‍ 2:14-15 -ല്‍ എഴുതപ്പെട്ടിരിക്കുന്നു.

സുവിശേഷങ്ങളില്‍, നിങ്ങളുടെ പാപങ്ങളെ വെളിപ്പെടുത്തുന്നതും നിങ്ങള്‍ക്കുവേണ്ടി ഒരുക്കിയിട്ടുള്ള രക്ഷയെ എങ്ങനെ പ്രാപിക്കാമെന്നതിനെകുറിച്ചും അനേകം വാക്യങ്ങള്‍ കാണാവുന്നതാണ്. "കര്‍ത്താവായ യേശുവില്‍ വിശ്വസിക്ക, എന്നാല്‍ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും" (അപ്പൊ. പ്ര. 3:19). നിങ്ങള്‍ മാനസന്തരപ്പെട്ട് നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തന്‍ യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്നാനം ഏല്പീന്‍; എന്നാല്‍ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും" (അപ്പൊ. പ്ര. 2:38). "നമ്മുടെ പാപങ്ങളെ ഏറ്റു പറയുന്നു എങ്കില്‍ അവന്‍ നമ്മുടെ പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു" (1 യോഹന്നാന്‍ 1:9). "യേശുവിനെ കര്‍ത്താവു എന്നു വായ്കൊണ്ട് ഏറ്റു പറുയുകയും ദൈവം യേശുക്രിസ്തുവിനെ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും" (റോമര്‍ 10:9). "കൃപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിന്നും നിങ്ങള്‍ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേ ആകുന്നു" (എഫേസ്യര്‍ 2:8). "ഏകസത്യ ദൈവമായ നിന്നേയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനേയും അറിയുന്നതു തന്നെ നിത്യജീവന്‍ ആകുന്നു" (യോഹന്നാന്‍ 17:3).

ഈ വാക്യങ്ങളില്‍ നിന്നു ദൈവം നിങ്ങളുടെ പാപങ്ങളെ യേശുക്രിസ്തു മുഖാന്തിരം ക്ഷമിച്ചു തന്നു എന്നു നിങ്ങള്‍ക്കു മനസ്സിലാക്കാം. കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന ഏവന്നും ന്യായവിധി ദിവസം ദൈവത്തിന്റെ മുന്‍പാകെ കുറ്റമില്ലാത്തവനും നീതിമാനും ആകുന്നു. ക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാ സത്യ വിശ്വാസികളിലും പരിശുദ്ധാത്മാവിന്റെ ശക്തി വരുന്നു. അവിടുത്തെ ശക്തി പാപത്തെ ജയിക്കുന്നതിനു നിങ്ങളെ സഹായിക്കും. കാരണം ദൈവത്തിന്റെ ആത്മാവ് പിശാചിന്റെ ആത്മാവിനേക്കാള്‍ ശക്തിയള്ളതാകുന്നു.

ദൈവം നിങ്ങള്‍ക്കായി ഒരുക്കിയ ഈ പരിപൂര്‍ണ്ണ രക്ഷയെപ്പറ്റി നിങ്ങള്‍ക്കു കൂടുതല്‍ അറിയണമെങ്കില്‍ ഇസ്ക്കന്തര്‍ ജദീദ് എഴുതിയ "രക്ഷ പ്രാപിക്കാന്‍ ഞാന്‍ എന്തു ചെയ്യണം?"എന്ന പുസ്തകം നിങ്ങള്‍ക്കു സൗജന്യമായി അയച്ചുതരാന്‍ ഞങ്ങള്‍ സന്നദ്ധരാണ്. പിന്‍കോഡ് സഹിതം നിങ്ങളുടെ പൂറ്‍ണ്ണ മേല്‍വിലാസം എഴുതി കാര്‍ഡ് ഇടുക. എല്ലാ കൂട്ടുകാരോടും എഴുതുവാന്‍ പറയൂ. അവറ്‍ക്കും ഫ്രീ ബുക്ക് അയക്കാം.