Back to the previous page
ദൈവം സ്നേഹം തന്നെ

ദൈവം സ്നേഹം തന്നെ

Call of Hope


പുതുതായി നിര്‍മ്മിക്കപ്പെട്ട ദൂരദര്‍ശിനിയില്‍ക്കൂടി ശൂന്യാകാശത്തിന്റെ സങ്കല്പിക്കാന്‍ പോലും കഴിയാത്ത അഗാധതയിലേക്കു നോക്കി വാനശാസ്ത്രജ്ഞന്മാര്‍ പല കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുണ്ട്. നമ്മുടെ ഭൂമിയേക്കാള്‍ വലിപ്പമുള്ള കോടിക്കണക്കിനു നക്ഷത്രങ്ങളെ അവര്‍ നിരീക്ഷിച്ചു. ഈ നക്ഷത്രങ്ങള്‍ നിസ്സീമമായ ചക്രവാളത്തില്‍ ഒരോന്നായി മാറി മാറി നിലകൊള്ളുന്നു. വളരെ ചെറിയ ഗോളമായ നമ്മുടെ ഭൂമി ആയിരക്കണക്കിനു വര്‍ഷങ്ങളായി നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നുവെന്ന് ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. അത് അനന്തമായ ശൂന്യാകാശത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു പന്തു പോലെ കാണപ്പെടുന്നു.

അങ്ങനെയെങ്കില്‍ ചക്രവാളത്തിനു എന്തുമാത്രം വലിപ്പമുണ്ട്? അത് എത്ര നാളായി ഇങ്ങനെ സ്ഥിതിചെയ്യുന്നു? എത്ര നാളത്തേക്കു സ്ഥിതി ചെയ്യും? ഇങ്ങനെ ചോദ്യങ്ങള്‍ അനേക ചിന്തകളിലേക്കും ആഴമായ ധ്യാനത്തിലേക്കും നമ്മെ നയിക്കുന്നു. ഈ അതിബൃഹത്തായ സമുദ്രത്തിലെ ചെറുതുള്ളികള്‍ക്കു സമമാണു നാം. നമ്മുടെ ജീവിതം ക്ഷണഭംഗുരമാണ്. നമ്മുടെ ഭൂമി അനന്തമായ ശൂന്യാകാശത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു ചെറിയ ഗോളവുമാണ്. നാം നമ്മുടെ ലോകത്തിലെ വെറും അണുക്കള്‍ മാത്രമാണ്; നിമിഷം കൊണ്ടു ഇവിടെനിന്നു പോകുകയും ചെയ്യുന്നു. ദാവീദ് പ്രഖ്യാപിച്ചത്, "മനുഷ്യനെ ഓര്‍ക്കാന്‍ അവന്‍ എന്തുള്ളൂ; മനുഷ്യപുത്രനെ സന്ദര്‍ശിക്കാന്‍ അവന്‍ എന്തുമാത്രം."

ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഇതിന്റെ സത്യാവസ്ഥയെ കൂടുതല്‍ ഗ്രഹിക്കുവാന്‍ സാധിക്കുന്നു. വാസ്തവമായി ഈ ഭൂമിയിലെ നമ്മുടെ ജീവിതം വളരെ ഹൃസ്വമാണ്. ആത്മാര്‍ത്ഥമായി നാം നമ്മിലേക്കു തന്നെ നോക്കിയാല്‍ നമ്മള്‍ ഒന്നും അല്ലാ എന്നു മനസ്സിലാകും.

ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ ദൈവം നമ്മെപ്പോലെയാണോ ചിന്തിക്കുന്നത്? പ്രവാചകനായ യെശയ്യാവ് ഇപ്രകാരം എഴുതിയത് ശരിയാണോ? "അകാശം ഭൂമിക്കു മീതെ ഉയര്‍ന്നിരിക്കുന്നതുപോലെ ദൈവത്തിന്റെ വഴികള്‍ നമ്മുടെ വഴികളിലും ദൈവത്തിന്റെ വിചാരങ്ങള്‍ നമ്മുടെ വിചാരങ്ങളിലും ഉയര്‍ന്നിരിക്കുന്നു" (യെശയ്യാവ് 55:9). തീരെ അപ്രധാനമായ ഭൗമികവും ദൃശ്യവുമായ വസ്തുക്കള്‍ക്കാണ് നാം സാധാരണ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ദൈവം നമ്മുടെ സ്ഥിതി ശ്രദ്ധിക്കുന്നുണ്ടോ ചോദിക്കുന്നതു ശരിയാണോ? തീര്‍ച്ചയായും അതേ. അവന്‍ നമ്മെ തന്റെ സാദൃശ്യത്താല്‍ സൃഷ്ടിച്ചു തന്റെ മറ്റെല്ലാ സൃഷ്ടികള്‍ക്കും മീതെ വച്ചിരിക്കുന്നു.

നാം നമ്മെ സൂക്ഷിക്കുകയും കരുതുകയും ചെയ്യുന്നതിനെക്കാള്‍ ഉപരിയായി സര്‍വ്വശക്തനായ ദൈവം നമ്മെ സൂക്ഷിക്കുകയും കരുതുകയും ചെയ്യുന്നുണ്ടെന്ന് നാം അറിയുന്നതു കൊള്ളാം. അതു നമ്മെ സന്തോഷിപ്പിക്കുന്നു. ദൈവം നമ്മെ കരുതുകയും തന്റെ കരുണാവലയത്തില്‍ നാം എന്നുമായിരിക്കണമെന്നു അവന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. നാം മൂലം ദൈവം സന്തോഷമാവാനാണ്. അവന്‍ നമ്മെ മക്കളായി അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിനാല്‍ എല്ലായ്പ്പോഴും അവനിലേക്കു നോക്കണമെന്നു അവന്‍ ആഗ്രഹിക്കുന്നു.

ഈ സത്യം കൂടുതല്‍ വ്യക്തമാക്കുന്നതിനു ഒരു സംഭവകഥ ഞാന്‍ പറയട്ടെ. ഒരു ചെറിയ കുട്ടി വളരെ വിദഗ്ധമായും കരുതലോടെയും ഒരു ചെറിയ കളിത്തോണി ഉണ്ടാക്കി. വലിയ അഭിമാനത്തോടുകൂടി അവന്‍ അത് അടുത്തുള്ള ഒരു നദിയിലേക്കു കൊണ്ടുപോയി. അതു നദിയിലേക്കു ഇറക്കിവിട്ടു. ഒരു വലിയ കാറ്റുവന്നു ആ തോണിയെ നദിയുടെ ഒഴുക്കിലേക്കു തള്ളിവിട്ടു. അവന് ആ തോണി നഷ്ടപ്പെട്ടതിനാല്‍ എന്തുമാത്രം ദുഃഖമുണ്ടായിക്കാണുമെന്ന് ഞാന്‍ പറയേണ്ട ആവശ്യമില്ലല്ലോ. അത് വളരെ വിലകുറഞ്ഞതും നിസ്സാരവുമായിരുന്നെങ്കിലും അവനത് എന്തുമാത്രം വിലയുള്ളതായിരുന്നു.

കുറേ ദിവസങ്ങള്‍ക്കുശേഷം അവന്റെ ആ നഷ്ടപ്പെട്ട കളിത്തോണി ഒരു കളിപ്പാട്ടക്കടയിലെ അലമാരയില്‍ ഇരിക്കുന്നത് അവന്റെ കണ്ണില്‍ പെട്ടു. എത്രയും വേഗം അതു തിരികെ കിട്ടണമെന്ന് അവന്‍ ആഗ്രഹിച്ചു. എന്നാല്‍ അതിന്റെ വിലയായ രണ്ട് ദിനാര്‍ അവനു വളരെ കൂടുതലായിരുന്നു. എങ്കിലും അത് വാങ്ങുവാന്‍ തന്നെ അവന്‍ നിശ്ചയിച്ചു. അവന്‍ വളരെ അദ്ധ്വാനിച്ച് അതിനുള്ള പണം ഉണ്ടാക്കി. നേരെ കടയില്‍ച്ചെന്ന് ആ കച്ചവടക്കാരന് പണം കൊടുത്ത് അത് വാങ്ങി. അത് അവന്റെ കയ്യില്‍ അടുക്കിപ്പിടിച്ച് സന്തോഷത്തോടെ വീട്ടിലേക്കു പോകുമ്പോള്‍ ആ കളിത്തോണിയോടായി ഇപ്രകാരം പറഞ്ഞു: "ഞാന്‍ നിന്നെ വിലയ്ക്കു വാങ്ങുക കൂടി ചെയ്തു. അതിനാല്‍ നീ ഇപ്പോള്‍ ഇരട്ടിയായി എന്റേതായിരിക്കുന്നു.

ഇതുപോലെ ദൈവം നമ്മെ സൃഷ്ടിച്ചു, പിന്നീട് അവന്‍ നമ്മെ വിലയ്ക്കു വാങ്ങിക്കുകയും ചെയ്യതു. ബൈബിള്‍ പറയുന്നു: "ദൈവം തന്റെ സ്നേഹം പ്രദര്‍ശിപ്പിച്ചത് മനുഷ്യരൂപിയായി വന്നു നമ്മെ രക്ഷിച്ചുകൊണ്ടാണ്." ഇതെങ്ങനെ സംഭവിച്ചു എന്നു നിങ്ങള്‍ക്കു ചോദിക്കാം. എന്നാല്‍ നാം ദൈവത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ ഇതെല്ലാം അവനു ചെയ്യാന്‍ കഴിയും എന്നു മനസിലാക്കാം. അവന്‍ യേശുക്രിസ്തു എന്ന വ്യക്തിയായി നമ്മുടെ അടുത്തേക്കു വന്നു. ക്രൂശിക്കപ്പെട്ട രക്ഷകനായ ക്രിസ്തുവിന്റെ സ്നേഹവും കരുതലും ഇതു തെളിയിക്കുന്നു.

യേശുക്രിസ്തുവിനെപ്പോലെ ഒരു മനുഷ്യനും ഒരു പ്രവാചകനും ഒരു വിശുദ്ധനും സ്നേഹിച്ചിട്ടില്ല. അവന്‍ തന്റെ ശത്രുക്കളായിരുന്ന നമുക്കുവേണ്ടി സ്വയം യാഗമായിത്തീര്‍ന്നു. അവന്‍ ക്രൂശില്‍ മരിച്ചു നമ്മുടെ പാപങ്ങള്ക്കു പരിഹാരം വരുത്തി. നിത്യ ദണ്ഡനത്തില്‍നിന്നും നിത്യവേദനയില്‍നിന്നും നമ്മെ രക്ഷിച്ചു. നമ്മുടെ ഒരേ ഒരു പ്രത്യാശ അവന്റെ സ്നേഹം മാത്രമാണ്. നാം ദൈവമക്കളായിത്തീരുമ്പോള്‍ നമുക്കു എങ്ങനെ പാപത്തിന്റെ ചങ്ങലയില്‍ കുടുങ്ങിക്കിടക്കാന്‍ സാധിക്കും.

യേശു മരിച്ചവരില്‍നിന്നു ഉയിര്‍ത്തെഴുന്നേറ്റ് എന്നേക്കും അവനോടുകൂടി ജീവിക്കുന്നതിനായി മരണത്തിന്റെ അധികാരത്തില്‍നിന്നും നമ്മെ മോചിപ്പിച്ചു. നമ്മുടെ പാപങ്ങളുടെ കടം അവന്‍ തന്റെ സ്വന്തം രക്തം കൊടുത്തു വീട്ടി. അങ്ങനെ നമുക്കുവേണ്ടി ഏറ്റവും വലിയ വില കൊടുക്കുകയുണ്ടായി.

"ദൈവം സ്നേഹം തന്നെ." ആകയാല്‍ അത്ര വലിയ വില കൊടുത്തത് അതിശയമല്ല. അത് സീമയറ്റ അവന്റെ സ്നേഹത്തിന്റെ പ്രദറ്‍ശനം മാത്രമാണ്.

നിങ്ങള്‍ക്ക് എന്തെങ്കിലും ചോദ്യമുണ്ടെങ്കിലോ, കൂടുതല്‍ വിവരം ആവശ്യമുണ്ടെങ്കിലോ എഴുതുക. കത്തുകള്‍ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ക്രിസ്തുവിനെക്കുറിച്ചു കൂടുതല്‍ പഠിക്കുന്നതിനു സഹായകമായ ലഘുലേഖകളില്‍ നിങ്ങള്‍ക്കു താത്പര്യമുണ്ടെങ്കില്‍, "ക്രിസ്തുവിനെക്കുറിച്ചു നിങ്ങള്‍ക്ക് എന്തു തോന്നുന്നു?" എന്ന ചെറുപുസ്തകം (അബ്ദല്‍ മശീഹ് എഴുതിയത്) നിങ്ങള്‍ക്ക് അയച്ചു തരുന്നതാണ്. പിന്‍കോഡ് സഹിതം നിങ്ങളുടെയും നിങ്ങളുടെ കൂട്ടുകാരുടെയും മേല്‍വിലാസം വ്യക്തമായി എഴുതി കാര്‍ഡ് എഴുതാന്‍ പറയുക. അവര്‍ക്കും ഫ്രീ ബുക്ക് അയച്ചു കൊടുക്കാം.